കുവൈത്തിലെ സർക്കാർ ആശുപത്രികളിലും പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലുമുള്ള രോഗി സന്ദർശനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. രോഗികളുടെ വിശ്രമം ഉറപ്പാക്കുകയും ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതുക്കിയ സന്ദർശന സമയവും
‘Silent Hours’ സംവിധാനവും നടപ്പിലാക്കുന്നത്.
ആരോഗ്യ മന്ത്രാലയ അണ്ടർസെക്രട്ടറി ശൈഖ് ഡോ. സൽമാൻ ഖലീഫ അൽ സബാഹ് പുറത്തിറക്കിയ നിർദേശപ്രകാരം, സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 8 മണിവരെയാണ് രോഗികളെ സന്ദർശിക്കാൻ അനുമതി. ഔദ്യോഗിക അവധി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെയും സന്ദർശനം അനുവദിക്കും. റമദാൻ മാസത്തിൽ സന്ദർശന സമയം ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 9 മണിവരെയായിരിക്കും.
ഒരു രോഗിയെ ഒരേസമയം പരമാവധി ഏഴ് പേർക്ക് മാത്രമാണ് സന്ദർശിക്കാൻ അനുമതി. എന്നാൽ രോഗിയുടെ ആരോഗ്യനിലയും ചികിത്സാ സാഹചര്യങ്ങളും അനുസരിച്ച് സന്ദർശന സമയത്തിലും സന്ദർശകരുടെ എണ്ണത്തിലും മാറ്റം വരുത്താൻ മെഡിക്കൽ വിഭാഗം മേധാവിക്ക് അധികാരമുണ്ടാകും.
പുതിയ മാർഗനിർദേശത്തിന്റെ ഭാഗമായി എല്ലാ ആശുപത്രികളിലും രാത്രി 10 മണി മുതൽ രാവിലെ 6 മണിവരെ ‘Silent Hours’ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത് രോഗികളുടെ വിശ്രമം ഉറപ്പാക്കുന്നതിനായി അനാവശ്യ ശബ്ദം, വെളിച്ചം, ആളുകളുടെ അനാവശ്യ സഞ്ചാരം എന്നിവ പരമാവധി നിയന്ത്രിക്കും.
എന്നാൽ എമർജൻസി വിഭാഗം, ICU, CCU, ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവയ്ക്ക് ഈ നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. രോഗികൾക്ക് ചികിത്സ നൽകുന്നതിനും നിരീക്ഷിക്കുന്നതിനും മരുന്നുകൾ നൽകുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ഇടപെടുന്നതിനും ഡോക്ടർമാർക്കും നഴ്സുമാർക്കും യാതൊരു നിയന്ത്രണവും ബാധകമാകില്ല.
ആശുപത്രി ജീവനക്കാർ മൊബൈൽ ഫോണുകളുടെ ശബ്ദം നിയന്ത്രിക്കണമെന്നും അനാവശ്യ ശബ്ദം ഒഴിവാക്കണമെന്നും മെഡിക്കൽ ഉപകരണങ്ങളിൽ നിന്നുള്ള ശബ്ദം പരമാവധി കുറയ്ക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. അടിയന്തരമല്ലാത്ത പരിശോധനകളും നടപടിക്രമങ്ങളും സാധ്യമെങ്കിൽ മറ്റ് സമയങ്ങളിലേക്ക് മാറ്റിവയ്ക്കാനും ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി രോഗികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും ആശുപത്രികളിലെ ചികിത്സാ അന്തരീക്ഷവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുവൈത്തിലുള്ള നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഈ സുപ്രധാന വിവരം ഷെയർ ചെയ്യാൻ മറക്കരുത്.
0 Comments